വാഷിംഗ്ടൺ: ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ഹമാസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിയെ നാടുകടത്താനൊരുങ്ങി അമേരിക്ക. ബാദർ ഖാൻ സൂരിയാണ് നടപടിക്ക് വിധേയനാകുന്നത്.
വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ വിദേശവിനിമയ ഗവേഷക വിദ്യാർത്ഥിയായിരുന്നു സൂരി. ഇയാൾക്ക് ഹമാസിന്റെ മുതിർന്ന ഉപദേശകനായ ഭീകരനുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മെക്ലോഫ്ലിൻ അറിയിച്ചു.
ഹമാസിനെതിരായ അമേരിക്കൻ വിദേശനയത്തിന് പ്രതികൂലമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി ആക്ടിവിസ്റ്റുകളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് വിസയിൽ രാജ്യത്ത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സൂരിയെ ഫെഡറൽ ഇമിഗ്രേഷൻ അതോറിറ്റീസ് പിടികൂടിയത്.
വിർജീനിയയിലെ അർലിംഗ്ടണിലുള്ള റോസ്ലിനിൽ ആയിരുന്നു സൂരിയുടെ താമസം. ഇവിടെയെത്തിയാണ് സൂരിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വിസ റദ്ദാക്കിയതായും എത്രയും വേഗം നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. സൂരിയുടെ ഭാര്യ പാലസ്തീനിയൻ വംശജയും യുഎസ് പൗരത്വമുള്ളയാളുമാണ്. ജാമിയ മിലിയ ഇസ്ലാമിയയിലെ പൂർവി വിദ്യാർത്ഥിയാണ് സൂരി. സൗത്ത് ഏഷ്യയിൽ മജോറിറ്റേറിയനിസം, ന്യൂനപക്ഷാവകാശങ്ങൾ എന്നീ വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. Peace and Conflict Studies-ൽ ഇന്ത്യയിൽ നിന്ന് പിഎച്ച്ഡി നേടിയ വ്യക്തിയാണ്.
കഴിഞ്ഞ ദിവസം കൊളംബിയയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി രജനി ശ്രീനിവാസനെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. ഹമാസ് അനുകൂല പ്രതിഷേധം നടത്തിയ രജനിയുടെ വിസ സർക്കാർ റദ്ദാക്കി. ഇതോടെ സ്വയം നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഇവർ.















