ചെന്നൈ: പട്ടാപ്പകൽ ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. സേലം സ്വദേശിയായ ജോണാണ് മരിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ഭാര്യയ്‌ക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. പ്രതികളെ പൊലീസ് വെടിവച്ചുവീഴ്‌ത്തി.
ആക്രമണത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യയോടൊപ്പം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനായാണ് ജോൺ സേലത്തെത്തിയത്. സ്റ്റേഷനിൽ നിന്ന് മടങ്ങിയ ജോണിനെയും ഭാര്യയെയും രണ്ട് കാറുകളിലായി എട്ടംഗ സംഘം പിന്തുടരുന്നുണ്ടായിരുന്നു. നസിയനൂരിൽ എത്തിയതും സംഘം കാറിൽ നിന്ന് ആയുധങ്ങളുമായി പുറത്തിറങ്ങി. തുടർന്ന് ജോണിന്റെ ഭാര്യയെ കാറിൽ നിന്ന് തള്ളിയിട്ടശേഷം ജോണിനെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ യുവതയ്‌ക്കും വെട്ടേറ്റു.
വിവരമറിഞ്ഞ് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ അക്രമികൾക്കെതിരെ വെടിയുതിർത്തു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് നാല് പേർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പ്രതികളും ജോണും തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.















