കോട്ടയം: വിപ്ലവ ഗാനമേളയ്‌ക്ക് വീണ്ടും വേദിയൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് വിവാദ ഗായകൻ അലോഷി ആഡംസിന്റെ വിപ്ലവ സംഗീത പരിപാടി നടത്താനാണ് ക്ഷേത്രം അഡ്‌ഹോക്ക് കമ്മിറ്റിയുടെ നീക്കം. ക്ഷേത്രോത്സവം പാർട്ടി പരിപാടിയാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. നിയമവിരുദ്ധമായാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചതെന്ന് ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസമായ ഏപ്രിൽ 21 നാണ് വിവാദ ഗായകൻ അലോഷിയുടെ സംഗീത പരിപാടി നിശ്ചയിച്ചിരിക്കുന്നത് . അലോഷി ഗസൽ അവതരിപ്പിക്കുമെന്നാണ് ക്ഷേത്ര അഡ്‌ഹോക് കമ്മിറ്റിയുടെ പ്രഖ്യാപനം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്‌ക്കൽ ദേവീ ക്ഷേത്ര ഉത്സവത്തിലെ പരിപാടിയെ പാർട്ടി പരിപാടിയ്‌ക്കും വിധം അവതരിപ്പിച്ചത് വിവാദമായി നിൽക്കെയാണ് വീണ്ടും ക്ഷേത്രത്തിൽ അലോഷിക്കായി വേദിയൊരുക്കുന്നത്.
വിഷയത്തിൽ ഹൈക്കോടതി വിമർശനം നേരിട്ടിട്ടും നിലപാട് തിരുത്താൻ തയാറല്ലെന്ന് തെളിയിക്കുന്നതാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ നടപടി. ക്ഷേത്രോത്സവം പാർട്ടി പരിപാടിയാക്കിമാറ്റാനും തിരുവാർപ്പിലെ സമാധാന അന്തരീക്ഷം തകർക്കാനും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ക്ഷേത്ര കലകൾക്കാണ് ഉത്സവത്തിൽ പ്രാധാന്യം നൽകിയിരുന്നതെന്നും തങ്ങളുടെ അറിവോടെയല്ല അലോഷിയുടെ പരിപാടിയെന്നും ക്ഷേത്ര ഉപദേശക സമിതി പറഞ്ഞു.















