ബുക്ക് മൈ ഷോയിൽ ആദ്യ ഒരുമണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമയായി മോഹൻലാലിന്റെ എമ്പുരാൻ. അല്ലുവിന്റെ പുഷ്പ 2വും വിജയിയുടെ ലിയോയുമാണ് മോഹൻലാൽ ചിത്രത്തിന് മുന്നിൽ വീണത്. ഇന്ന് രാവിലെ 9-നാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ഇതിനിടെ ബുക്ക്മൈ ഷോ സൈറ്റും ഹാങ്ങായി.
ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ 27-നുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നു. ആറു മണിക്ക് തുടങ്ങുന്ന ഫാൻസ് ഷോയുടെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുന്നേ ഏറെക്കുറെ ഫിൽ ആയിരുന്നു. സംസ്ഥാനത്തെ മിക്ക തിയേറ്ററുകളിലും പൃഥ്വിരാജ്-മോഹൻലാൽ ചിത്രമാണ് ചാർട്ട് ചെയ്തിരിക്കുന്നത്. ചിലയിടത്ത് തിയേറ്ററുകളിൽ നേരിട്ടുള്ള ബുക്കിംഗും ഏർപ്പെടുത്തിയിരുന്നു. ഇവിടെയൊക്കെ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്.
ലൂസിഫറിന് ശേഷം എത്തുന്ന എമ്പുരാൻ ട്രയോളജിയിലെ രണ്ടാം ഭാഗമാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിലാണ് എത്തുന്നത്. പോസ്റ്റീവ് റിപ്പോർട്ട് നേടിയാൽ റെക്കോർഡുകൾ എല്ലാം കടപുഴകുമെന്ന് ഉറപ്പ്. കൊച്ചിൽ ആരാധകർക്കൊപ്പം സിനിമ കാണാൻ മോഹൻലാൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.