കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായാണ് കെകെആർ മത്സരത്തിൽ ഇറങ്ങുന്നത്. അതേസമയം, ആർസിബി ഇപ്പോഴും തങ്ങളുടെ കന്നി കിരീടത്തിനായുള്ള അന്വേഷണത്തിലാണ്.
കണക്കുകളിൽ ആധിപത്യം കൊൽക്കത്തയ്‌ക്കാണ്. ഇതിനുമുൻപ് 35 മത്സരങ്ങളിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 21 മത്സരങ്ങളിലും വിജയം കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു. 14 മത്സരങ്ങളിലാണ് ആർസിബി വിജയിച്ചിട്ടുള്ളത്.
ഈഡൻ ഗാർഡൻസ് പൊതുവെ ടീമുകൾ ഉയർന്ന സ്കോറുകൾ നേടിയിട്ടുള്ള വേദിയാണ്. ഇരു ടീമുകളിലെയും ബാറ്റർമാർ കളത്തിലിറങ്ങി വലിയ സ്കോറുമായി തങ്ങളുടെ തുടക്കം കുറിക്കാൻ ആഗ്രഹിക്കും. എന്നിരുന്നാലും, ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ ബൗളർമാർ പിടിമുറുക്കും. സ്പിന്നർമാരുടെ വിക്കറ്റ് വേട്ടയ്‌ക്ക് അനുകൂലമായ ഗ്രൗണ്ടാണിത്.
ഇവിടെ നടന്ന 93 മത്സ്യങ്ങളിൽ 55 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. 35 തവണ മാത്രമാണ് ടീമുകൾക്ക് ആദ്യം ബാറ്റ് ചെയ്ത് വിജയം നേടാനായത്. പഞ്ചാബ്-കൊൽക്കത്ത മത്സരത്തിലെ 262-2 ഏദനിൽ ഒരു ടീം നേടിയിട്ടുള്ള ഏറ്റവും ഉയർന്ന സ്കോർ. ഏറ്റവും കുറഞ്ഞ സ്കോർ പിറന്നിട്ടുള്ളത് ആർസിബി-കെകെആർ മത്സരത്തിലായിരുന്നു-49 റൺസ്.
ഇവിടെ ഏറ്റവും കൂടുതൽ റൺസും വിക്കറ്റും നേടിയ താരങ്ങളും കൊൽക്കത്തയിൽ നിന്നുള്ളവരാണ്. 47 മത്സരങ്ങളിൽ നിന്ന് 1407 റൺസ് നേടിയ ഗൗതം ഗംഭീർ ബാറ്റിങ്ങിലും 57 ഇന്നിംഗ്‌സിൽ നിന്ന് 70 വിക്കറ്റുകൾ നേടിയ സുനിൽ നരെയ്ൻ ബൗളിങ്ങിലും ഒന്നാമതാണ്.















