ന്യൂഡൽഹി: അതിർത്തികളെയും സൈനികരെയും സംരക്ഷിക്കുന്നതിന് ‘വിട്ടുവീഴ്ചയില്ലാത്ത നയം’ സ്വീകരിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീർ നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് നുഴഞ്ഞുകയറ്റശ്രമമായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഉറിയിലും പുൽവാമയിലും ആക്രമണങ്ങൾ നടന്നെങ്കിലും സർജിക്കൽ സ്ട്രൈക്കിലൂടെയും വ്യോമാക്രമണത്തിലൂടെയും പാകിസ്താന് മറുപടി നൽകാൻ ഇന്ത്യൻ സർക്കാരിന് കഴിഞ്ഞുവെന്ന് അമിത് ഷാ വ്യക്തമാക്കി.
അയൽരാജ്യങ്ങളിൽ നിന്ന് തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് പതിവായിരുന്നു. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ഉറിയിലും പുൽവാമയിലും ആക്രമണം നടന്നുവെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ സർജിക്കൽ സ്ട്രൈക്കിലൂടെ പാകിസ്താന് നാം മറുപടി നൽകി.
അമേരിക്കയും ഇസ്രായേലും.. ഈ രണ്ടുരാജ്യങ്ങൾ മാത്രമാണ് അതിർത്തികൾക്ക് വേണ്ടിയും രാജ്യസുരക്ഷയ്‌ക്ക് വേണ്ടിയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഈ ഗണത്തിലേക്ക് ഇന്ത്യയെ കൂടി ഉൾപ്പെടുത്തിയത് പ്രധാനമന്ത്രി മോദിയാണ്. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കാൻ ഇന്ത്യ ആരംഭിച്ചത് അവിടെ മുതലാണ്. നേരത്തെ ഭാരതത്തിൽ നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങൾക്കും അന്നുണ്ടായിരുന്ന സർക്കാർ മൃദുസമീപനമായിരുന്നു സ്വീകരിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.