കോഴിക്കോട്: ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂറാണ് സംഭവം. ലഹരിക്കടിമയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് സ്വന്തം അമ്മ പൊലീസിൽ ഏൽപ്പിച്ചത്.
വീട്ടിലുള്ളവരെ കൊല്ലുമെന്ന് പറഞ്ഞ് മകൻ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും പണം ആവശ്യപ്പെട്ട് വീട്ടിലുള്ളവരെ ആക്രമിക്കാൻ ശ്രമിക്കാറുണ്ടെന്നും അമ്മ പൊലീസിനോട് പറഞ്ഞു. ചോദിച്ച പണം നൽകാതെ വന്നതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പറയുന്നു.
“13-ാം വയസിൽ ലഹരി ഉപയോഗിക്കാൻ തുടങ്ങിയിരുന്നെന്നാണ് അവൻ പറഞ്ഞത്. സിഗററ്റും ബീഡിയുമൊക്കെ ഉപയോഗിക്കുമായിരുന്നു. കൊല്ലുമെന്ന് പറഞ്ഞപ്പോൾ പേടിയായി. സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞു. വീടിനകത്തും ലഹരിമരുന്ന് ഉപയോഗിക്കും. പല തവണ ലഹരിമുക്തി കേന്ദ്രത്തിൽ കൊണ്ടുപോയിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും” അമ്മ പറഞ്ഞു.
അമ്മ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പാെലീസ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.















