എറണാകുളം: കുറുപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ. അദ്ധ്യാപികയുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മയും ആൺസുഹൃത്തും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് വിവരം. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ആൺസുഹൃത്ത് പെൺകുട്ടികളെ പീഡിപ്പിക്കുന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ധനേഷ് ഇവർക്കെതിരെ മൊഴി നൽകിയിരുന്നു. കുട്ടികൾ പീഡനത്തിനിരയായ വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
2023 മുതലാണ് കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയായത്. വിവരം പുറത്ത് വന്നതിന് പിന്നാലെ അമ്മയുടെ പങ്ക് പൊലീസ് സംശയിച്ചിരുന്നു. അമ്മയെ ഒഴിവാക്കാൻ കുഞ്ഞുങ്ങളെ ഉപദ്രവിച്ചെന്നാണ് ആദ്യം പ്രതി നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് തള്ളുകയായിരുന്നു.
പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മയുടെ അറിവോടെ ആൺസുഹൃത്ത് പീഡിപ്പിച്ചത്. പെൺകുട്ടികളിലൊരാൾ സുഹൃത്തിന് എഴുതിയ കത്താണ് സംഭവം പുറത്തറിയാനിടയായത്. തന്റെ അച്ഛന് നിന്നെ കാണണമെന്നും ഒരു ദിവസം വീട്ടിൽ വരണമെന്നും കുട്ടി കത്തിൽ എഴുതിയിരുന്നു. ഇത് അദ്ധ്യാപികയുടെ കൈവശമെത്തിയതാണ് നിർണായകമായത്. തുടർന്ന് അദ്ധ്യാപിക പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.















