കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിക്ക് ഒരുകാരണവശാലും കേന്ദ്ര അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ബദൽ പദ്ധതിയെക്കുറിച്ച് കേന്ദ്രവുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞു. ജനങ്ങൾക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്തതാണ് ബദൽ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ-റെയിലിന് ബദലായ പദ്ധതിയുടെ പ്രപ്പോസൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. ഇത് കേരള സർക്കാരിന് ബോധിച്ചതുമാണ്. എന്നാൽ കെ-റെയിൽ ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചാൽ മാത്രമേ പുതിയ പദ്ധതിയെക്കുറിച്ചുള്ള കൂടിയാലോചനകൾ ആരംഭിക്കാൻ കഴിയൂ. അതിനാൽ സിൽവർ ലൈൻ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം. കെ-റെയിൽ പരിസ്ഥിതിക്കും ജനങ്ങൾക്കും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്, എന്നാൽ ബദൽ പദ്ധതി സെമി ഹൈസ്പീഡ് റെയിൽവേ ലൈനാണ്. ഇതിന് സ്ഥലമേറ്റെടുപ്പ് കുറവാണെന്നും പരിസ്ഥിതിപ്രശ്നങ്ങൾക്ക് വഴിവെക്കാത്തതാണെന്നും ഇ ശ്രീധരൻ പറഞ്ഞു.