ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിൽ നിന്ന് 4.75 കോടി രൂപ ജീവനാംശം സ്വീകരിച്ചതിന് ധനശ്രീ വർമ്മയ് ക്കെതിരെ സൈബറിടങ്ങളിൽ വിമർശനം ശക്തം. അടുത്തിടെ ഡാൻസ് കൊറിയോഗ്രാഫറായ ധനശ്രീ തന്റെ പുതിയ മ്യൂസിക് വീഡിയോ യുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ പോസ്റ്റിന്റെ കമന്റ് സെക്ഷൻ ധനശ്രീക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ നിറയുകയായിരുന്നു.
“മാഡം 4.75 കോടി അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടോ?” ഒരാൾ ചോദിച്ചു. ജീവനാംശം കിട്ടിയ തുക കൊണ്ടാണോ വീഡിയോ ഷൂട്ട് ചെയ്തതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. “ആപത്തിനെ അവസരമാക്കി മാറ്റി” എന്ന് മറ്റൊരു യൂസർ വിമർശിച്ചു. “സ്ത്രീധനം ചോദിക്കുന്നത് ഒരു കുറ്റമാണെങ്കിൽ, ജീവനാംശം ചോദിക്കുന്നതും കുറ്റമല്ലേ” എന്ന വളരെ ചിന്തിപ്പിക്കുന്ന ഒരു കമന്റും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും ഇതിനെ അനുകൂലിച്ചു രംഗത്തെത്തി.

ധനശ്രീക്ക് ആത്മാഭിമാനമില്ലേ എന്ന് ചോദിച്ച ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി, “അവർ അയാൾ കാരണം ചതിക്കപ്പെട്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ അയാൾ കാരണം ചതിക്കപ്പെട്ടെങ്കിൽ പോലും എന്തിനാണ് അവർ അയാളുടെ കൈയിൽ നിന്ന് ജീവനാംശമായി വലിയൊരു തുക സ്വീകരിക്കുന്നത്. അയാളുടെ പണം കൊണ്ട് അവർക്ക് എങ്ങനെ ജീവിക്കാൻ കഴിയും? അവൾക്ക് ആത്മാഭിമാനം ബാക്കിയില്ലേ?” ചില നെറ്റിസൺമാർ ധനശ്രീയെ ‘കള്ളി’ എന്ന് വിളിച്ചും അധിക്ഷേപിച്ചു.
മാർച്ച് 20 നാണ് ധനശ്രീയും യുസ്‌വേന്ദ്ര ചഹലും വിവാഹ മോചിതരായത്. ചഹൽ ധനശ്രീക്ക് 4.75 കോടി രൂപ ജീവനാംശം നൽകിയതയാണ് റിപ്പോർട്ടുകൾ. ഇതിൽ 2.37 കോടി രൂപ ഇതിനകം തന്നെ ധനശ്രീക്ക് നൽകിയതായാണ് വിവരം. 2020 ൽ വിവാഹിതരായ യുസ്‌വേന്ദ്ര ചഹലും ധനശ്രീ വർമ്മയും കഴിഞ്ഞ 18 മാസമായി വേർപിരിഞ്ഞ് താമസിച്ചു വരികയായിരുന്നു.















