ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ ആർസിബി ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) 7 വിക്കറ്റിന് പരാജയപ്പെടുത്തി. കൊൽക്കത്തയുടെ 175 റൺസ് വിജയലക്ഷ്യം ആർസിബി 16.2 ഓവറിൽ മറികടന്നു. മറുപടി ബാറ്റിംഗിൽ തകർത്തടിച്ച ഫിലിപ്പ് സാൾട്ട്, വിരാട് കോലി എന്നിവരുടെ അർദ്ധസെഞ്ച്വറി പ്രകടനമാണ് ആർസിബിക്ക് മിന്നും ജയം സമ്മനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കെകെആർ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ അർദ്ധസെഞ്ച്വറി (31 പന്തിൽ 56) മികവിൽ നിശ്ചിത 20 ഓവറിൽ 174/7 റൺസ് നേടി. ഹാനെയും നരൈനും ചേർന്ന് 55 പന്തിൽ നിന്ന് 103 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ആർസിബി ക്യാമ്പിന്റെ ആവേശം കെടുത്തി. എന്നാൽ ക്യാപ്റ്റൻ രഹാനെ തന്റെ ഐപിഎൽ കരിയറിൽ നാലാം തവണയും ക്രുണാൽ പാണ്ഡ്യയുടെ (3/29) ബൗളിങ്ങിൽ വിക്കറ്റ് നൽകി മടങ്ങിയതോടെ കൊൽക്കത്തയുടെ താളം തെറ്റി. വെങ്കിടേഷ് അയ്യരെയും (7 പന്തിൽ 6) റിങ്കു സിങ്ങിനെയും (10 പന്തിൽ 12) ആൻഡ്രെ റസ്സലിനെയും (3 പന്തിൽ 4) ആർസിബി പവലിയനിലേക്ക് മടക്കിയതോടെ കൊൽക്കത്തയ്‌ക്ക് 20 ഓവറിൽ 174/8 എന്ന സ്കോറിൽ തൃപ്തിപ്പെടേണ്ടി വന്നു. ക്രുണാൽ പാണ്ഡ്യയും സുയാഷ് ശർമ്മയും നാല് വിക്കറ്റുകൾ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് ഫിലിപ്പ് സാൾട്ടും (31 പന്തിൽ 56), വിരാട് കോലിയും (36 പന്തിൽ 59) ചേർന്ന് മികച്ച ഓപ്പണിങ് നൽകി. സാൾട്ടിന് പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാർ (16 പന്തിൽ 34) കാര്യങ്ങൾ വേഗത്തിലാക്കി. കോലിയും പാട്ടീദാറും ചേർന്നുള്ള 23 പന്തിൽ നിന്ന് 44 റൺസിന്റെ കൂട്ടുകെട്ട് ആർസിബിയെ വിജയത്തിന്റെ വക്കിലെത്തിച്ചു. ഒടുവിൽ ലിയാം ലിവിംഗ്സ്റ്റൺ (5 പന്തിൽ 15*) 16.2 ഓവറിൽ ആർസിബിക്ക് അർഹിച്ച ജയം നേടിക്കൊടുത്തു.















