ഐപിഎല്ലിൽ ഇന്ന് ആരാധകർ ഏറെ കാത്തിരിയ്‌ക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്-മുംബൈ ഇന്ത്യൻസ് പോരാട്ടമാണ്. ആദ്യ മത്സരത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി ഐക്കൺ എംഎസ് ധോണിയുടെ പങ്കിനെക്കുറിച്ചും ലീഗിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചും നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് മനസുതുറന്നു. 43 വയസുള്ള ധോണി ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന്റെ അവിഭാജ്യ സ്ഥാനത്താണ് താരമുള്ളതെന്നും ക്യാപ്റ്റൻ പറഞ്ഞു.
“ചെന്നൈയ്‌ക്കായി ഫിനിഷറുടെ റോൾ അദ്ദേഹം തുടർന്നും നിർവഹിക്കുന്നുണ്ട്. അദ്ദേഹം ഫോക്കസ് ചെയ്യുന്ന മേഖലയെ കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തുന്നത്. അതിനാൽ അദ്ദേഹം ഇത് വളരെ ലളിതമായി കാണുന്നു. കഴുയുന്നത്ര സിക്സറുകൾ അടിക്കുന്നതിലും ശരിയായ സ്വിംഗ് നേടുന്നതിലും മികച്ച ഫോമിൽ ആയിരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ഗെയ്‌ക്‌വാദ് പറഞ്ഞു
ധോണി ഒരിക്കലും മോശം ഫോമിലാണെന്ന് താൻ കരുതുന്നില്ലെന്നും ടീമിനായി തന്റെ കഴിവുകളും കഠിനാധ്വാനവും വർഷങ്ങളായി തുടർന്നുവരുന്നയാളാണെന്നും സിഎസ്കെ ക്യാപ്റ്റൻ പറഞ്ഞു. ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച ഗെയ്ക്വാദ് ഇപ്പോൾ 50 വയസുള്ള സച്ചിൻ തെണ്ടുൽക്കർ പോലും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും അതിനാൽ ധോണിക്ക് ഇനിയും നിരവധി വർഷങ്ങൾ ബാക്കിയുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു.