സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടി ഇന്ത്യ, പാകിസ്താൻ മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗും ഷോയിബ് അക്തറും. വീരേന്ദർ സെവാഗിന്റെ പ്രസ്താവനകളെക്കുറിച്ച് ഷോയിബ് അക്തർ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്താണ് പുതിയ യുദ്ധത്തിന് വഴിതുറന്നിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ സെവാഗ്, റെഡ്-ബോൾ ക്രിക്കറ്റിലെ ഈ മഹത്തായ നേട്ടത്തെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്നത് അക്തറിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. അടുത്തിടെ പങ്കുവച്ച ഒരു വീഡിയോയിൽ, അക്തർ സെവാഗിനോട് ഈ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്നത് നിർത്താൻ മുന്നറിയിപ്പ് നൽകി.
നടി മന്ദിര ബേദി, സാഹിബ ബാലി എന്നിവർക്കൊപ്പം ഒരു പരസ്യത്തിൽ സേവാഗ് പ്രത്യക്ഷപ്പെട്ടതോടെയാണ് തുടക്കം. ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട താരം അതിന് അടിക്കുറിപ്പായി ഇങ്ങനെ ചേർത്തു: “ഒരു ട്രിപ്പിൾ സെഞ്ചൂറിയന്റെ ഹാന്റിലിൽ നിന്നും @fwd ന്റെ പരസ്യം പോസ്റ്റ് ചെയ്യുകയാണ്”. എന്നാൽ ഇതിന് കമന്റുമായെത്തിയ അക്തർ അടുത്ത തവണ പരസ്യ കമ്പനി ഏതെങ്കിലും സ്റ്റൈലിഷ് താരത്തെ എടുക്കണമെന്നായിരുന്നു കുറിച്ചത്. പിന്നാലെ വീഡിയോയും പങ്കുവച്ചു.
View this post on Instagram
“ഞാൻ വീരു പാജിയുടെ ഒരു വീഡിയോ കണ്ടു. മോനേ, അവന്റെ സംസാരം കേട്ട് എനിക്ക് മടുത്തു. കഴിഞ്ഞ 20 വർഷമായി പ്ലേ ചെയ്യുന്ന അതേ ടേപ്പ് തന്നെയാണ് – ‘300, 300, 300’. വരൂ, സഹോദരാ, നീ ആ 300 നേടിയപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു. നീ നന്നായി കളിച്ചു, സംശയമില്ല. പക്ഷേ ഇത് ഉപവാസത്തിന്റെ മാസമാണ്, എനിക്ക് എന്റെ നാവ് നിയന്ത്രിക്കണം – അതിനാൽ ദയവായി ഇപ്പോൾ നിർത്തൂ. നിങ്ങൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ പ്രവേശനം വേണമെങ്കിൽ, എനിക്ക് അത് ചെയ്യാൻ കഴിയും: ‘ലോകത്തിൽ ഏറ്റവും കൂടുതൽ 300 എന്ന് പറയുന്ന വ്യക്തി – വീരേന്ദ്ര സെവാഗ്!’,” അക്തർ വീഡിയോയിൽ പറഞ്ഞു.
View this post on Instagram
പാകിസ്താനെതിരെയായിരുന്നു സെവാഗ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. 2004 ലെ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിനിടെ മുൾട്ടാനിൽ വെച്ചായിരുന്നു പാക് സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താഖിനെ സിക്‌സ് അടിച്ചുകൊണ്ടാണ് സേവാഗ് ഈ നാഴികക്കല്ല് പിന്നിട്ടത് . ഷോയിബ് അക്തറും ടീമിന്റെ ഭാഗമായിരുന്നു.