എമ്പുരാനിലെ അതിഥി കഥാപാത്രത്തെ കുറിച്ച് തുറന്നുപറഞ്ഞ് മോഹൻലാൽ. പ്രേക്ഷകർ വിചാരിക്കുന്നത് പോലെ മമ്മൂട്ടിയോ, ഫഹദ് ഫാസിലോ അല്ല അതിഥി വേഷത്തിലെത്തുന്നതെന്നും മറ്റൊരു താരമാണെന്നും മോഹൻലാൽ വെളിപ്പെടുത്തി. 27-ന് റിലീസ് ചെയ്യാനിരിക്കുന്ന പാൻ ഇന്ത്യൻ സിനിമയായ എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.
മമ്മൂട്ടി ഉണ്ടോ എന്ന് പലരും ചോദിച്ചു. ഫഹദുണ്ടോയെന്നും ചിലർ പൃഥ്വിരാജിനോടു ചോദിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മുറം മറയ്‌ക്കുന്നത് എന്തിനാണ്, അവരാരുമല്ല. മറ്റൊരു നടനാണെന്ന് മോഹൻലാൽ പറഞ്ഞു. എമ്പുരാൻ സിനിമയ്‌ക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും താരങ്ങൾ വെളിപ്പെടുത്തി.
എമ്പുരാന് വേണ്ടി ചെലവാക്കുന്ന ഫണ്ട് അതിന്റെ നിർമാണത്തിന് വേണ്ടി തന്നെ ചെലവഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടി താരങ്ങൾക്ക് പ്രതിഫലം കൊടുത്ത്, ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല താനെന്നും പൃഥ്വിരാജ് പറഞ്ഞു.