ടീം തോറ്റെങ്കിലും മുംബൈയുടെ മലയാളി യുവ സ്പിന്നർ വിഘ്നേഷ് പുത്തൂരിന്റെ ഐപിഎൽ അരങ്ങേറ്റം സ്വപ്ന തുല്യമായിരുന്നു. രോഹിത്തിനെ പുറത്തിരുത്തി മുംബൈ ഇമ്പാക്ട് പ്ലേയറായി ഇറക്കിയ ഈ 24 കാരൻ ടീമിനായി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ഏവരെയും അത്ഭുതപ്പെടുത്തി. അർധസെഞ്ച്വറി നേടി നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ , ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്നേഷ് നേടിയത്. മത്സരശേഷം, മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിഘ്‌നേഷിന്റെ മികച്ച സ്പെല്ലിനെ പ്രശംസിക്കുകയും ഇത്തരം പ്രതിഭകളെ കണ്ടെത്തിയതിന് മുംബൈ സ്കൗട്ടിംഗ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് വിഘ്നേഷ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയ്‌ക്കാണ് വിഘ്‌നേഷിനെ മുംബൈ സ്വന്തമാക്കിയത്. ഈ യുവതാരം ഇതുവരെ കേരളത്തിനുവേണ്ടി സീനിയർ തലത്തിൽ കളിച്ചിട്ടില്ല. എന്നാൽ അണ്ടർ 14, അണ്ടർ 19 എന്നീ ജൂനിയർ തലങ്ങളിൽ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി മികച്ച പ്രകടനം നടത്തിയതാണ് വിഘ്‌നേഷിന് ഐപിഎല്ലിലേക്ക് വഴിതുറന്നത്. ഇടം കയ്യൻ സ്പിന്നറായ വിഘ്നേഷ് തമിഴ്നാട് പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും കെ പി ബിന്ദുവിന്റെയും മകനായ വിഘ്‌നേഷ് തുടക്കകാലത്ത് മീഡിയം പേസ് ബൗളറായിരുന്നു. തുടർന്ന് പ്രാദേശിക ക്രിക്കറ്റ് താരം മുഹമ്മദ് ഷെരീഫിന്റെ നിർദേശാനുസരണം ലെഗ് സ്പിന്നിലേക്ക് മാറുകയായിരുന്നു. തൃശൂരിലേക്ക് താമസം മാറിയതാണ് വിഘ്‌നേഷിന്റെ കരിയറിൽ വഴിത്തിരിവായത്. സെന്റ് തോമസ് കോളേജിനായി കേരള കോളേജ് പ്രീമിയർ ടി20 ലീഗിൽ കളിച്ച വിഘ്നേഷ് അവിടെയും താരമായി. ഈ വർഷം ആദ്യം, താരത്തിന് SA20 യ്‌ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ അവസരം ലഭിച്ചു. അവിടെ MI കേപ് ടൗണിനായി നെറ്റ് ബൗളറായിരുന്നു. പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാർത്ഥിയാണ് വിഘ്‌നേഷ് പുത്തൂര്‍.















