ബെംഗളൂരു: മാരകായുധം ഉപയോഗിച്ച് ഷോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ബിഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്. കന്നഡ ബിഗ്ബോസ് താരങ്ങളായ രജത് കിഷൻ, വിനയ് ഗൗഡ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുജന സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് താരങ്ങളുടെ ഫോട്ടോഷൂട്ടെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കയ്യിൽ വടിവാളും വച്ചായിരുന്നു ഫോട്ടോഷൂട്ട്. വടിവാളും കയ്യിൽപിടിച്ചുള്ള അഭ്യാസങ്ങളുടെ വീഡിയോയും താരങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് താരങ്ങൾ കുടുങ്ങിയത്. തുടർന്ന് കഴിഞ്ഞ ദിവസം താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊതുസമാധാനത്തിന് എതിരായ സന്ദേശങ്ങളുള്ള ചിത്രങ്ങൾ, പോസ്റ്ററുകൾ, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. താരങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, വാട്സ്ആപ്പ് തുടങ്ങിയ പേജുകളിൽ പോസ്റ്റുചെയ്ത വീഡിയോകളും ചിത്രങ്ങളും പരിശോധിച്ചു.
പൊതുസ്ഥലത്ത് ആയുധങ്ങൾ കൊണ്ടുപോവുക, ഭീകരാന്തരീഷം സൃഷ്ടിക്കുക, തെറ്റായ ഉള്ളടക്കം സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.