വിവാഹത്തിലൂടെ ഒരു പെണ്ണിന്റെ ഉടമസ്ഥാവകാശം പുരുഷന് ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വിവാഹം കഴിച്ചെന്നുകരുതി ഭാര്യയുടെ മേൽ നിയന്ത്രണമോ ഉടമസ്ഥതയോ ഭർത്താവിന് ലഭിക്കുന്നില്ലെന്നും കോടതി ഓർമിപ്പിച്ചു. വിവാഹിതയാണെങ്കിലും പെണ്ണിന് സ്വകാര്യതയ്‌ക്കുള്ള അവകാശവും സ്വയംഭരണാവകാശവും എപ്പോഴുമുണ്ടെന്നും കോടതി പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോ ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ ചുമത്തിയ ക്രിമിനൽക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട ഹർജി നിരസിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് വിനോദ് ദിവാകറാണ് ഭർത്താവിന്റെ ഹർജി തള്ളിയത്. സ്വകാര്യവീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഭർത്താവിന്റെ പ്രവൃത്തി വൈവാഹികബന്ധത്തിന്റെ പവിത്രതയ്‌ക്ക് കളങ്കം വരുത്തുന്നതാണ്. പരസ്പരവിശ്വാസം കാത്തുസൂക്ഷിക്കാൻ പങ്കാളികൾ പ്രതിജ്ഞാബദ്ധരാണ്. പ്രത്യേകിച്ചും വളരെ അടുത്തിടപഴകുന്ന കാര്യങ്ങളിൽ. സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പൊതുയിടത്തിൽ പങ്കുവെക്കുന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യാത്മകത ലംഘിക്കുന്നതാണ്. ദാമ്പത്യജീവിതത്തിന്റെ അടിത്തറയായ പരസ്പരവിശ്വാസത്തെ തന്നെ തകർക്കുന്നതാണിത്.
ഭർത്താവിന്റെ ‘എക്സ്റ്റൻഷൻ’ അല്ല ഭാര്യ. അവർ ഒരു വ്യക്തിയാണ്. സ്വന്തമായി അവകാശങ്ങളും സ്വപ്നങ്ങളുമൊക്കെയുള്ള വ്യക്തി. അവരുടെ സ്വയംഭരണാവകാശവും സ്വകാര്യതയും ബഹുമാനിക്കേണ്ടത് നിയമപരമാണെന്ന് മാത്രമല്ല, ധാർമികത കൂടിയാണ്. സമത്വപൂർണമായ ബന്ധം വളർത്തിയെടുക്കുന്നതിൽ അത് പ്രധാനവുമാണ്. – അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തന്റെ അറിവും സമ്മതവും കൂടാതെ താനുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസാണ് അലഹബാദ് ഹൈക്കോടതിയിലെത്തിയത്. സംഭവത്തിൽ ഭർത്താവിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു. യുപിയിലെ മിർസാപൂർ ജില്ലയിലാണ് സംഭവം നടന്നത്.















