കഴിഞ്ഞ ദിവസം നടന്ന മുംബൈ-ചെന്നൈ മത്സരത്തിൽ ചിരവൈരികളുടെ പോരാട്ടം എന്നതിലുപരി ആരാധകർ കൗതുകത്തോടെ നോക്കികണ്ടത് മഞ്ഞ ജേഴ്‌സിയിൽ മാത്രം തങ്ങൾക്ക് പരിചിതമായിരുന്ന ദീപക് ചഹാറിന്റെ മുംബൈ ടീമിലെ അരങ്ങേറ്റമായിരുന്നു. ഐപിഎൽ കരിയറിലെ അവസാന ഏഴ് വർഷങ്ങൾ സിഎസ്‌കെയ്‌ക്കൊപ്പം ചെലവഴിച്ച ചഹാർ അതെ ടീമിനെതിരെയാണ് ഇന്നലെ കളത്തിലിറങ്ങിയത്. മത്സരത്തിൽ താരം ഒരു വിക്കറ്റ് വീഴ്‌ത്തുക മാത്രമല്ല, മുംബൈയ്‌ക്കായി 15 പന്തിൽ നിന്ന് 28 റൺസും നേടി.
എന്നാലിപ്പോൾ ചഹാറിന്റെ സഹോദരി മാലതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ഒരു രസകരമായ മീമാണ് ആരധകർക്കിടയിൽ ചിരി പടർത്തുന്നത്. തെലുങ്ക് സിനിമയായ ബാഹുബലിയിലെ രംഗമാണ് അവർ സഹോദരനെ പരിഹസിക്കാൻ തെരഞ്ഞെടുത്തത്. ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്നും കുത്തുന്ന രംഗവും മൈതാനത്ത് ചെന്നൈയുടെ വിക്കറ്റ് നഷ്ടം ആഘോഷിക്കുന്ന ദീപക് ചഹാറിന്റെയും ചിത്രങ്ങളും താരതമ്യം ചെയ്തുള്ള കൊളാഷാണ് മാലതി പോസ്റ്റ് ചെയ്തത്. എം എസ് ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും കടുത്ത ആരാധികയാണ് മാലതി ചഹാർ.
Malti Chahar’s Instagram story. pic.twitter.com/1bfxj4kcU4
— Mufaddal Vohra (@mufaddal_vohra) March 24, 2025
അതേസമയം ചെപ്പോക്കിൽ നടന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ, മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ അഞ്ച് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. ചെന്നൈക്കായി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് (53), രചിൻ രവീന്ദ്ര (65*) എന്നിവർ അർധശതകങ്ങൾ നേടി. മുംബൈ നിരയിൽ അരങ്ങേറ്റ താരം വിഘ്നേഷ് പുത്തൂർ 3 വിക്കറ്റുകൾ നേടി.















