മുംബൈ: ഛത്രപതി ശിവാജി മഹാരാജാവിനെയും ഛത്രപതി സംഭാജി മഹാരാജാവിനെയും അധിക്ഷേപിച്ച കേസിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ന്ഗപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമസ്ഥാപനത്തിലെ പത്രപ്രവർത്തകനായ പ്രശാന്ത് കൊരത്കറെയാണ് അറസ്റ്റ് ചെയ്തത്. മാദ്ധ്യമപ്രവർത്തകനെതിരെ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ചരിത്രകാരൻ ഇന്ദ്രജിത് സാവന്തിനെ ഭീഷണിപ്പെടുത്തുകയും മറാത്ത രാജവംശത്തിലെ യോദ്ധാക്കളായ ഛത്രപതി ശിവാജി രാജാവിനെയും സംഭാജി രാജാവിനെയും അധിക്ഷേപിക്കുകയും ചെയ്തതാണ് കേസ്. ഇന്ദ്രജിതിനെ ഭീഷണിപ്പെടുത്തുന്ന കോൾ റെക്കോർഡുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കുക തുടങ്ങിയ കുറ്റങ്ങളാണ് മാദ്ധ്യമപ്രവർത്തകനെതിരെ ചുമത്തിയിരിക്കുന്നത്. വിവാദത്തെ കുറിച്ചുള്ള വീഡിയോ പ്രശാന്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും കോൾ റെക്കോർഡുകൾ വ്യാജമാണെന്നും മാദ്ധ്യമപ്രവർത്തകൻ അവകാശപ്പെട്ടു.















