ബെംഗളൂരു: മാരകായുധം ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കന്നഡ നടന്മാരും ബിഗ്ബോസ് താരങ്ങളുമായ രജത് കിഷനും വിനയം ഗൗഡയും അറസ്റ്റിൽ. ആയുധനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടന്മാർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്.
സോഷ്യൽമീഡിയയിൽ വീഡിയോ വലിയ തോതിൽ വൈറലായതോടെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ജനങ്ങളുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് നടന്മാരുടെ ഫോട്ടോഷൂട്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കയ്യിൽ വടിവാളും വച്ചായിരുന്നു ഫോട്ടോഷൂട്ട്.
വടിവാൾ കയ്യിൽപിടിച്ചുള്ള അഭ്യാസങ്ങളുടെ വീഡിയോയും താരങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് താരങ്ങൾ കുടുങ്ങിയത്. തുടർന്ന് കഴിഞ്ഞ ദിവസം താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പൊതുസ്ഥലത്ത് ആയുധങ്ങൾ കൊണ്ടുപോവുക, ഭീകരാന്തരീഷം സൃഷ്ടിക്കുക, തെറ്റായ ഉള്ളടക്കം സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.















