ജയിക്കാമായിരുന്ന മത്സരം ഡൽഹിക്ക് മുന്നിൽ അടിയറവ് വച്ച നിരാശയിലാണ് ലഖ്‌നൗ ആരാധകർ. തകർച്ചയുടെ വക്കിൽനിന്ന ഡൽഹിയെ കരകയറ്റി വിജയത്തിലെത്തിച്ചത് അശുതോഷ് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ്. 31 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ അശുതോഷ് ടീമിന് ഒരു വിക്കറ്റിന്റെ ജയം നേടിക്കൊടുത്തു. എന്നാൽ മത്സരശേഷം സോഷ്യൽ മീഡിയയിലടക്കം ചർച്ചയായത് അവസാന ഓവറിൽ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംഗിലെ പിഴവായിരുന്നു,
അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ആറു റൺസാണ് വേണ്ടിയിരുന്നത്. ഷഹബാസ് അഹമ്മദാണ് പന്തെറിയാനെത്തിയത്. ക്രീസിൽ മോഹിത് ശർമ്മ. ആദ്യപന്തിൽ ക്രീസിൽ നിന്നിറങ്ങി ഷോട്ടിന് ശ്രമിച്ചത്തോടെ ബോള് അദ്ദേഹത്തിന്റെ പാഡിൽ തട്ടി. എന്നാൽ ഇത് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാതെ പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. മോഹിതിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരമാണ് ലഖ്‌നൗ ക്യാപ്റ്റൻ നഷ്ടപ്പെടുത്തിയത്. ഡിആർഎസ് ഉപയോഗിച്ച് എൽബിഡബ്ല്യു സാധ്യത തേടിയ ലഖ്‌നൗവിന് നിരാശപ്പെടേണ്ടി വന്നു. റിവ്യൂവിൽ വിക്കറ്റ് മിസ്സിംഗ് ആയിരുന്നു.
— The Game Changer (@TheGame_26) March 25, 2025
അടുത്ത പന്തിൽ മോഹിത് സിംഗിളെടുത്ത് അശുതോഷിനെ സ്ട്രൈക്കിലേക്ക് കൊണ്ടുവന്നത്തോടെ ഡൽഹി വിജയം ഉറപ്പിച്ചു. മികച്ച ഫോമിലുണ്ടായിരുന്ന അശുതോഷിന് സ്ട്രൈക്ക് ലഭിക്കാതിരിക്കാൻ മോഹിതിന്റെ വിക്കറ്റ് നിർണായകമായ ഘട്ടത്തിലാണ് വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന്റെ പിഴവ്. ആരാധകർ ക്യാപ്റ്റന്റെ മണ്ടത്തരത്തെ പഴിച്ചിട്ടും കളിക്കിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന തണുപ്പൻ മറുപടിയാണ് മത്സരശേഷം ഋഷഭ് പറഞ്ഞത്.