ന്യൂഡൽഹി: ജമ്മു കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന് ആവർത്തിച്ച് ഇന്ത്യ. യു എൻ സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള പാകിസ്താന്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇന്ത്യ. ഭീകരവാദത്തെ ന്യായീകരിക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ആവശ്യപ്പെട്ടു.
കശ്മീരിനെ കുറിച്ച് പാകിസ്താൻ ആവർത്തിച്ച് നടത്തുന്ന പരാമർശങ്ങൾ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാമർശങ്ങൾ ആവർത്തിക്കുന്നത് നിയമവിരുദ്ധ അവകാശവാദങ്ങളെ സാധൂകരിക്കുകയോ പാകിസ്താൻ സ്പോൺസർ ചെയ്ത അതിർത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന പ്രദേശം പാകിസ്താൻ നിയമവിരുദ്ധമായാണ് കൈവശപ്പെടുത്തിയത്. അതിനാൽ കയ്യടിക്കിവെച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗങ്ങളിൽ നിന്ന് പാകിസ്താൻ ഒഴിഞ്ഞുപോകണം, ഇന്ത്യയുടെ നിലപാട് ഹരീഷ് വ്യക്തമാക്കി.
ഈ മാസം ആദ്യം യുഎന്നിൽ നടന്ന അനൗപചാരിക സമ്മേളനത്തിൽ പാക് മുൻ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജൻജുവ ജമ്മു കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ സ്വരം കൂടുതൽ കടുപ്പിച്ചത്.















