ബോയ്സ് ഹോസ്റ്റലിന്റെ വിലാസത്തിൽ പാഴ്‌സൽ; ഉള്ളിൽ മിഠായി രൂപത്തിലുള്ള ലഹരി; 3 തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Published by
Janam Web Desk

തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പൊലീസ് പിടിയിലായത്. 105 മിഠായികളാണ് പാഴ്‌സൽ കവറിലുണ്ടായിരുന്നത്. ഈ മിഠായികളിൽ ടെട്രാ ഹൈഡ്രോ കനാമിനോൾ എന്ന ലഹരിവസ്തുവുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിലാകുന്നത്. വട്ടപ്പാറയിൽ ഒരു സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ വിലാസത്തിലാണ് പാഴ്‌സൽ എത്തിയത്. ചരസ് മിഠായി ഗഞ്ച ട്രോഫി എന്നൊക്കെ വിളിക്കുന്ന കറുത്ത ലഹരി മിഠായികളാണ് പാഴ്‌സലിനുള്ളിൽ നിന്നും കണ്ടെത്തിയത്.

പാഴ്‌സൽ കൈപ്പറ്റിയവരാണ് പിടിയിലായത്. ബോയ്സ് ഹോസ്റ്റലിന് സമീപത്തുള്ള വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. മൂവരും ടൈൽ ജോലികൾക്ക് പോകുന്നവരാണ്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം സ്റ്റേഷൻ പരിധിയിലേക്ക് കൈമാറി. സ്കൂൾ, കോളേജ്, ട്യൂഷൻ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പൊലീസ് നിരീക്ഷണമാണ് നടക്കുന്നത്.

 

Share
Leave a Comment