ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 32 ലക്ഷം പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങൾക്ക് പ്രത്യേക കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ‘സൗഗാത്-ഇ-മോദി’ കാമ്പയിൻ ആരംഭിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ന്യൂനപക്ഷ മോർച്ച. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ മാർഗനിർദേശപ്രകാരം ചൊവ്വാഴ്ച ഡൽഹിയിലെ നിസാമുദ്ദീനിൽ കിറ്റുകൾ വിതരണം ചെയ്ത ക്യാമ്പയിന് തുടക്കം കുറിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകളില്ലാതെ ഈദ് ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ ശ്രമത്തിന്റെ ഭാഗമായി, 32,000 ന്യൂനപക്ഷ മോർച്ച പ്രവർത്തകർ രാജ്യവ്യാപകമായി 32,000 പള്ളികളുമായി സഹകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും അവരെ സഹായിക്കുകയും ചെയ്യും.
‘സൗഗാത്-ഇ-മോദി’ ക്യാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യുന്ന കിറ്റുകളിൽ വൈവിധ്യമാർന്ന ഇനങ്ങൾ ഉണ്ടാകും. ഭക്ഷ്യവസ്തുക്കളോടൊപ്പം, വസ്ത്രങ്ങൾ, വെർമിസെല്ലി, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര എന്നിവ കിറ്റുകളിൽ ഉൾപ്പെടും. സ്ത്രീകളുടെ കിറ്റുകളിൽ സ്യൂട്ടുകൾക്കുള്ള തുണിയും പുരുഷന്മാരുടെ കിറ്റുകളിൽ കുർത്ത-പൈജാമയും ഉൾപ്പെടും. ഓരോ കിറ്റിന്റെയും വില ഏകദേശം 500 മുതൽ 600 രൂപ വരെയായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
റംസാൻ, ഈദ് എന്നീ ദിവസങ്ങളിൽ മാത്രമല്ല, ദുഃഖവെള്ളി, ഈസ്റ്റർ, നൗറൂസ്, ഇന്ത്യൻ പുതുവത്സരം തുടങ്ങിയ പ്രധാന അവസരങ്ങളിലും ‘സൗഗാത്-ഇ-മോദി’ പ്രചാരണത്തിന് പിന്തുണ നൽകുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. കൂടാതെ, ജില്ലാ തലത്തിൽ ഈദ് മിലാൻ ആഘോഷങ്ങൾ സംഘടിപ്പിക്കും. മുസ്ലീം സമുദായത്തിനിടയിൽ ക്ഷേമ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ബിജെപിക്കും എൻഡിഎയ്‌ക്കും കൂടുതൽ സ്വീകാര്യത കൊണ്ടുവരികയുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷ മോർച്ചയുടെ ദേശീയ മാദ്ധ്യമ ചുമതലയുള്ള യാസിർ സിലാനി വിശദീകരിച്ചു.