ന്യൂഡൽഹി: പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. കേസ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 17 നാണ് അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് പുറത്തുവന്നത്. ഇരയുടെ മാറിടത്തിൽ സ്പർശിച്ചുവെന്നതും പൈജാമയുടെ ചരട് പൊട്ടിച്ചതും ബലാത്സംഗ ശ്രമമായി കാണാനാകില്ലെന്നും ഇത് പ്രതിക്കെതിരായ ലൈംഗികാതിക്രമ ആരോപണം മാത്രമാണെന്നും ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വൻ വിമർശനം ഉയർന്നിരുന്നു. നിയമവിദഗ്ധർ ഈ നിരീക്ഷണത്തെ അപലപിച്ചു. ജഡ്ജിമാർ സംയമനം പാലിക്കണമെന്നും ഇത്തരം പ്രസ്താവനകൾ കാരണം ജുഡീഷ്യറിയിലുള്ള പൊതുജനവിശ്വാസം കുറയാൻ ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. വിധിയോട് പൂർണമായും വിയോജിക്കുന്നുവെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും കേന്ദ്രമന്ത്രി അന്നപൂർണ ദേവിയും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സുപ്രീംകോടതി ഉത്തരവിൽ സ്വമേധയാ കേസെടുത്തിരിക്കുന്നത്.















