ലക്നൗ: സംസ്ഥാനത്ത് എല്ലാ മതവിഭാഗങ്ങളിൽ നിന്നുള്ള ആളുകളും സുരക്ഷിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ ഹൈന്ദവർ സുരക്ഷിതരാണെങ്കിൽ മുസ്ലീം സമൂഹവും സുരക്ഷിതരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയുമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന് അവരുടെ മതപരമായ എല്ലാ ആചാരങ്ങളും ആഘോഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. 2017-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഒരു തരത്തിലുള്ള വർഗീയ കലാപങ്ങളും ഉണ്ടായിട്ടില്ല. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ സുരക്ഷിതർ മുസ്ലീം സമൂഹമാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിലും അവരും സുരക്ഷിതർ തന്നെയായിരിക്കും”.
“ഞാനും ഉത്തർപ്രദേശിലെ സാധാരണക്കാരനായ വ്യക്തിയാണ്. എല്ലാവരുടെയും പിന്തുണ കൊണ്ട് മാത്രമേ സംസ്ഥാനത്ത് വികസനം കൊണ്ടുവരാൻ സാധിക്കുകയുള്ളു. മറ്റുള്ളവർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരികൾ പോലും ലോകചരിത്രത്തിലില്ലെന്നും” അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുലിനെയും യോഗി ആദിത്യനാഥ് വിമർശിച്ചു. കോൺഗ്രസ് നേതാവ് നടത്തിയ രാജ്യവ്യാപകമായ ഭാരത് ജോഡോ അഭിയാൻ യാത്ര, യഥാർത്ഥത്തിൽ ഭാരത് തോഡോ അഭിയാൻ യാത്രയാണെന്നും രാഹുൽ ഇന്ത്യയ്‌ക്ക് പുറത്ത് പോയി നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.