ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന് സംശയിച്ച് യോഗ അദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി യുവാവ്. ഹരിയാനയിലെ ചർഖി ദാദ്രിയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ 24ന് നടന്ന സംഭവം മാസങ്ങൾക്കിപ്പുറമാണ് പുറം ലോകമറിയുന്നത്. റോത്തക്കിലെ സ്വകാര്യ സർവകലാശാലയിലെ യോഗ അദ്ധ്യാപകനായ ജഗദീപാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഹർദീപ് ജഗദീപ് താമസിച്ചിരുന്ന വീടിന്റെ ഉടമയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജഗദീപിനെ ഹർദീപും സുഹൃത്തുക്കളും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ പാടത്തിന് സമീപം കുഴൽക്കിണറിനെന്ന പേരിൽ എടുത്ത ഏഴടി കുഴിയിലാണ് ഇയാളെ ജീവനോടെ കുഴിച്ചുമൂടിയത്. കൈകാലുകൾ ബന്ധിക്കുകയും നിലവിളി പുറത്തു കേൾക്കാതിരിക്കാൻ ടേപ്പ് ഉപയോഗിച്ച് വാമൂടുകയും ചെയ്തു.
ഫെബ്രുവരി മൂന്നിനാണ് യുവാവിനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി എത്തുന്നത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെയും സുഹൃത്തുക്കളെയും പിടികൂടിയത്. പ്രധാന പ്രതി ഹർദീപ്, ധരംപാൽ എന്നിവരാണ് പിടിയിലായത്. തന്റെ ഭാര്യയുമായി ജഗദീപിന് അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് അയാളെ ഇല്ലാതാക്കൻ തീരുമാനിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.