എറണാകുളം: കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ കണ്ടല സഹകരണ തട്ടിപ്പ് കേസിലെ അഖിൽ ജിത്ത് എന്നിവർക്കാണ് ജാമ്യം നൽകിയത്. വിചാരണയില്ലാതെ ജയിലിൽ കഴിയുന്നതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
219 കോടിയുടെ തട്ടിപ്പാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. 300 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയെങ്കിലും പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ 219 കോടിയുടെ തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തുകയായിരുന്നു. 2011 മുതൽ തട്ടിപ്പ് നടന്നെന്നും പരാതിയുണ്ട്. വ്യാജരേഖകൾ ചമച്ചും മൂല്യം ഉയർത്തികാട്ടിയും നിയമം ലംഘിച്ച് വായ്പകൾ അനുവദിച്ചുമൊക്കെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
കരുവന്നൂർ തട്ടിപ്പിൽ 55 പേരാണ് പ്രതികൾ. ഇവർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ബാങ്ക് ഭരണസമിതിയുടെയും രാഷ്‌ട്രീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ പേരിലുള്ള 87. 75 കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി.
മൂന്ന് കോടി രൂപയുടെ തട്ടിപ്പാണ് കണ്ടല സഹകരണ ബാങ്കിൽ നടന്നത്. കണ്ടല ബാങ്ക് മുൻ പ്രസിഡന്റും കുടുംബാംഗങ്ങളുമാണ് കേസിലെ പ്രധാന പ്രതികൾ. ബെനാമി അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ പണം തട്ടിയത്.















