ഹമാസിനെതിരെ പ്രതിഷേധവുമായി പാലസ്തീൻ ജനത. ഗാസയിൽ തുടരുന്ന സംഘർഷങ്ങൾക്ക് കാരണം ഹമാസിന്റെ പിടിപ്പുകേടാണെന്ന് വിമർശിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.
ആദ്യ ഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം ഇസ്രായേലുമായി ഹമാസ് ധാരണയിലെത്താതിരുന്നതിനാൽ വീണ്ടും യുദ്ധമാരംഭിച്ചിരുന്നു. ബന്ദികളെ പൂർണമായും വിട്ടുനൽകണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് നിരാകരിച്ചതോടെ ആയിരുന്നു രണ്ടാം ഘട്ട വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായത്. വീണ്ടും യുദ്ധത്തിന് തിരികൊളുത്തിയ ഹമാസ് നടപടിയിൽ പ്രതിഷേധിച്ച് പാലസ്തീനിലെ ജനങ്ങൾ തെരുവിലിറങ്ങി. ഗാസയിലെ വടക്കൻ മേഖലകളിലാണ് ജനങ്ങൾ പ്രതിഷേധജ്വാല തീർത്തത്, 17 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിക്കണമെന്ന് ഹമാസിനോട് ജനങ്ങൾ ആവശ്യപ്പെട്ടു.
ഹമാസ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പ്രക്ഷോഭം നടത്തിയത്. ടയർ കത്തിച്ചും മാർച്ച് നടത്തിയും ആയിരക്കണക്കിന് പേരെ അണിനിരത്തിയും പാലസ്തീനികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി. പാലസ്തീനിലെ ജനങ്ങൾക്ക് വേണ്ടത് ഹമാസിന്റെ പതനമാണെന്ന് പ്രഖ്യാപിച്ച് മൂവായിരത്തോളം പാലസ്തീനികൾ പ്രതിഷേധ മാർച്ച് നടത്തി. ഹമാസ് പുറത്തുപോകണം, ഞങ്ങളുടെ കുട്ടികൾ കൊല്ലപ്പെടുന്നു, ഞങ്ങളുടെ വീടുകൾ തകരുന്നു. യുദ്ധത്തിനെതിരെ, ഹമാസിനെതിരെ, ഇസ്രായേലിനെതിരെ, ലോകത്തിന്റെ നിശബ്ദതയ്‌ക്കെതിരെ എന്ന് ആക്രോശിച്ച ജനങ്ങൾ “Out, out out! Hamas get out!” എന്ന ഉറക്കെ പറഞ്ഞു. ഇസ്രായേലിനെതിരെ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, എന്നാൽ ഹമാസിന്റെ ഭരണം ഇവിടെ അവസാനിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് പ്രതികരിച്ച ഹമാസ് നേതാവ് ബാസ്സിം നൈം, പാലസ്തീന്റെ പ്രതിഷേധം ഇസ്രായേലിനെ കേന്ദ്രീകരിച്ചാകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. പാലസ്തീനിലെ ജനത ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനൊപ്പം ഹമാസിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രതികരണം.















