മലപ്പുറം: വളാഞ്ചേരിയിലേതിന് സമാനമായി ജില്ലയിൽ മറ്റിടങ്ങളിലും എച്ച്ഐവി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. വളാഞ്ചേരിയിൽ ലഹരി സംഘത്തിലെ ഒൻപത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ വകുപ്പ് പുറത്ത് വിട്ടത്.
എച്ച്ഐവി സ്ഥിരീകരിച്ചവർ ലഹരി കുത്തിവെക്കാൻ ഒരേ സിറിഞ്ചാണ് ഉപയോഗിച്ചത്. ലഹരി വിതരണം ചെയ്യുന്നവർ സൂചികൾ വീണ്ടും വീണ്ടും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു.
എച്ച്ഐവി കണ്ടെത്തിയവരിൽ മൂന്നു പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. ജനുവരിയിൽ കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രദേശം കേന്ദ്രീകരിച്ച് സ്ക്രീനിംഗ് നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികൾ, ലഹരി ഉപയോഗിക്കുന്നവർ എന്നിവർക്കിടയിലായിരുന്നു പ്രധാനമായും സർവേ നടത്തിയത്. ഈ സർവേയിൽ വളാഞ്ചേരിയിൽ മലയാളിയായ യുവാവിനാണ് ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘത്തിലേക്ക് എത്തിയതും കൂടുതൽ പരിശോധന നടത്തിയതും.
ലഹരി ഉപയോഗത്തിലൂടെ ഈ വർഷം മലപ്പുറം ജില്ലയിൽമാത്രം 10 പേർക്ക് രോഗം കണ്ടെത്തിയതായി നോഡൽ ഓഫീസർ ഡോ. സി. ഷുബിൻ പറഞ്ഞു. സംസ്ഥാനത്ത് ഓരോമാസവും ശരാശരി പത്തിലധികം പേർക്ക് എച്ച്‌ഐവി ഇതേരീതിയിൽ രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്.















