ബെംഗളൂരു: ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി ശുചിമുറിയിൽ തള്ളി ഒളിവിൽ പോയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്‌ട്ര സ്വദേശിയായ രാകേഷിനെ ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കോൾ ഡീറ്റെയിൽസ് റെക്കോർഡ്സ് (CDR) കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയെ കുടുക്കുകയായിരുന്നു.
32 വയസുള്ള ഗൗരി അനിൽ സാംബേദ്കറാണ് കൊല്ലപ്പെട്ടത്. മാസ് മീഡിയ-കമ്യൂണിക്കേഷൻ ബിരുദധാരിയായ ഗൗരി തൊഴിൽരഹിതയായിരുന്നു. അതേസമയം ഹിറ്റാച്ചിയിലെ ജീവനക്കാരനായിരുന്നു ഭർത്താവ് രാകേഷ്. മഹാരാഷ്‌ട്ര സ്വദേശികളായ ഇരുവരും കഴിഞ്ഞ രണ്ടുമാസമായി താമസിച്ചിരുന്നത് കർണാടകയിലെ ദൊദ്ദകന്നഹള്ളിയിലായിരുന്നു. ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മാർച്ച് 26ന് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. പ്രകോപിതനായ രാകേഷ് കത്തിയുപയോഗിച്ച് ഗൗരിയുടെ വയറിൽ കുത്തി. ശേഷം കഴുത്തരിയുകയും ചെയ്തു. ഗൗരി കൊല്ലപ്പെട്ടുവെന്ന് ഉറപ്പായതോടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ബാത്ത്റൂമിൽ വച്ചു. ശേഷം പൂനെയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
തൂങ്ങിമരിച്ചതായി സംശയിക്കുന്നുവെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് ഫ്ലാറ്റ് ചവിട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഒളിവിലാണെന്ന് മനസിലായതോടെ ഇയാൾക്കായി പഴുതടച്ച തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പ്രതി പൂനെയിലുണ്ടെന്ന് കണ്ടെത്തി. രാകേഷിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബെംഗളൂരു പൊലീസിന് കൈമാറുകയും ചെയ്തു.