പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് കർണാടകയിലെ യുവമോർച്ച ദേശീയ പ്രസിഡന്റും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയും ഭാര്യ ശിവശ്രീ സ്കന്ദപ്രസാദും. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കണ്ട ഇരുവരും ശ്രീ മാധവാചാര്യ രചിച്ച സർവമൂല ഗ്രന്ഥത്തിന്റെ 750 വർഷം പഴക്കമുള്ള ഒരു കൈയെഴുത്തുപ്രതിയും സമ്മാനിച്ചു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം വിശദമായ കുറിപ്പും ബിജെപി എംപി പങ്കുവച്ചു. തനിക്കും ശിവശ്രീക്കും പ്രധാനമന്ത്രിയുടെ അനുഗ്രഹം ലഭിച്ചുവെന്നും തങ്ങളുടെ വിവാഹ ചിത്രങ്ങൾ അദ്ദേഹം കണ്ടിരുന്നുവെന്ന് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തേജസ്വി കുറിച്ചു. അവർ പ്രധാനമന്ത്രിക്ക് സമ്മാനിച്ച പുരാതന കയ്യെഴുത്തുപ്രതിയുടെ പ്രത്യേകതകളെക്കുറിച്ചും തേജസ്വി വിവരിച്ചു.
“ശ്രീ മാധവാചാര്യ രചിച്ച സർവമൂല ഗ്രന്ഥത്തിന്റെ 750 വർഷം പഴക്കമുള്ള ഒരു കൈയെഴുത്തുപ്രതി ഞങ്ങൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു, നൂറ്റാണ്ടുകളായി കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ സഹായിക്കുന്ന അത്യാധുനിക ‘വേഫർഫിഷെ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സംരക്ഷിക്കപ്പെട്ടിരുന്നത്. സിലിക്കൺ വേഫറുകളാണ് ഇതിൽ സബ്‌സ്‌ട്രേറ്റുകളായി ഉപയോഗിക്കുന്നത്. ഈ വേഫറുകൾ അഗ്നി പ്രതിരോധശേഷിയുള്ളതും വാട്ടർപ്രൂഫുമാണ്, ആയിരം വർഷത്തേക്ക് അത് അതേപടി നിലനിൽക്കും.” തേജസ്വി കുറിച്ചു.
View this post on Instagram