നാലുതവണ വീണുകിട്ടിയ ജീവനിൽ അർദ്ധശതകം തികച്ച് ക്യാപ്റ്റൻ തിളങ്ങിയപ്പോൾ ചെപ്പോക്കിൽ ആർ.സി.ബിക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അവർ നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് സാൾട്ട് നൽകിയത് മികച്ച തുടക്കമായിരുന്നു.
എന്നാൽ സഹ ഓപ്പണറായ കോലിക്ക് താളം കണ്ടെത്താനായില്ല. ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസാണ് ആർ.സി.ബി നേടിയത്. 16 പന്തിൽ 32 റൺസടിച്ച സാൾട്ടിന്റെയായിരുന്നു ഏറിയ സംഭാവനയും. നൂർ അഹമ്മദിന്റെ ഓവറിൽ ധോണിയുടെ മിന്നൽ സ്റ്റമ്പിംഗാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അഞ്ചാം ഓവറിലായിരുന്നു ധോണി തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും തെളിയിച്ചത്.
വൺഡൗണായി എത്തിയ ദേവ്ദത്ത് പടിക്കൽ ആക്രമിച്ച് കളിച്ചെങ്കിലും ഋതുരാജിന്റെ ഒരു ഷാർപ്പ് ക്യാച്ച് ആ ഇന്നിംഗ്സിന് ഫുൾ സ്റ്റോപ്പിട്ടു. 14 പന്തിൽ 27 ആയിരുന്നു സമ്പാദ്യം. 30 പന്തിൽ 31 റൺസുമായി തപ്പിത്തടഞ്ഞ കോലിയെ നൂർ അഹമ്മദ് മടക്കി. 32 പന്തിൽ 51 റൺസെടുത്ത നായകൻ രജത് പാട്ടിദാറിനെ പതിരാനെ കൂടാരം കയറ്റി.
ഇതിനിടെ വന്ന ലിവിംഗ്സ്റ്റണും നിരാശനാക്കി. 10 റൺസായിരുന്നു സമ്പാദ്യം. അതേസമയം അവസാന ഓവറിലെ മിന്നലടിയുമായി കളം നിറഞ്ഞ ടിം ഡേവിഡാണ് ആർ.സി.ബിയെ 190 കടത്തിയത്. 8 പന്തിൽ 22 റൺസാണ് താരം അടിച്ചുകൂട്ടിയത്. സാം കരന്റെ അവസാന ഓവറിൽ മൂന്ന് സിക്സറുകൾ താരം പറത്തി. നൂർ അഹമ്മദ് മൂന്നും പതിരാന രണ്ടും വിക്കറ്റെടുത്തു. അശ്വിനും ഖലീലിനും ഓരോ വിക്കറ്റ് വീതം കിട്ടി.