തിരുവനന്തപുരം: കേരള സർവകലാശാലയിൽ 2022-2024 ബാച്ച് എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ ഗുരുതര വീഴ്ച. ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്ടമായെന്നാണ് മൂല്യനിർണയം നടത്തിയ അദ്ധ്യാപകന്റെ വാദം. വീഴ്‌ച ആദ്യം മൂടിവച്ച സർവ്വകലാശാല സംഭവം വിവാദമായതോടെ അദ്ധ്യാപകനെതിരെ നടപടിക്കൊരുങ്ങുകയാണ്. വീണ്ടും പരീക്ഷ എഴുതണമെന്ന സർവകലാശാല നിർദേശത്തിൽ വിദ്യാർത്ഥികളും ആശങ്കയിലാണ്.
പാലക്കാട് സ്വദേശിയായ അദ്ധ്യാപകൻ മൂല്യനിർണയം നടത്തിയശേഷം തിരുവനന്തപുരത്തേക്ക് വരുന്നവഴി ബൈക്കിൽ നിന്നും 71 ഉത്തരക്കടലാസുകൾ അടങ്ങുന്ന കെട്ട് നഷ്ടമായെന്ന വിശദീകരണമാണ് അദ്ധ്യാപകൻ സർവകലാശാലയ്‌ക്ക് നൽകിയത്. അദ്ധ്യാപകന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും യൂണിവേഴ്‌സിറ്റി തുടക്കത്തിൽ നടപടിയെടുത്തിരുന്നില്ല. എന്താണ് കാര്യമെന്ന് വ്യക്തമാക്കാതെ വീണ്ടും പരീക്ഷ എഴുതണമെന്ന അറിയിപ്പ് നൽകുകയായിരുന്നു. എന്നാൽ വിദ്യാർത്ഥി സംഘടനകൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർവകലാശാല അദ്ധ്യാപകനെതിരെ നടപെടിയെടുക്കാൻ തയാറായിരിക്കുന്നത്. ഇത് സംബന്ധിച്ച് വിസി രജിസ്ട്രാറോട് റിപ്പോർട്ട് തേടും.