ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. ദിയാങ്കോ നജരത്ത് (83) , പ്ലേവൈന നജരത്ത് (79) എന്നിവരാണ് മരിച്ചത്. അമ്പത് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം വൃദ്ധദമ്പതികളിൽ നിന്നും കൈക്കലാക്കിയത്.
വയോധികനെ കഴുത്തറത്ത നിലയിലും വയോധികയെ വിഷം കഴിച്ച നിലയലുമാണ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഡൽഹി ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ദമ്പതികളെ സമീപിച്ചത്. വീഡിയോ കോളിലൂടെയാണ് ദമ്പതികളുമായി സംസാരിച്ചത്.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ കേസ് ഒത്തുതീർപ്പാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വേണമെന്നും സംഘം പറഞ്ഞു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട് ദമ്പതികളെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സംഘം ആവശ്യപ്പെട്ട തുക ദമ്പതികൾ നൽകുകയായിരുന്നു.
മഹാരാഷ്‌ട്ര സെക്രട്ടറിയേറ്റിലെ മുൻ ജീവനക്കാരാണ് തട്ടിപ്പിനിരയായത്. സംഭവത്തെ കുറിച്ച് ഇരുവരും ആരോടും പറഞ്ഞിരുന്നില്ല. കൊലപാതകമാണെന്ന് പൊലീസ് ആദ്യം സംശയിച്ചിരുന്നു. പിന്നീട് മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മൊബൈൽ ഫോണും ബാങ്ക് വിവരങ്ങളും പരിശോധിച്ചതോടെയാണ് ഇവർ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്.















