മലപ്പുറം: ലഹരിക്കേസിൽ അറസ്റ്റിലായ പ്രതിയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. കോഴിക്കോട് ടൗൺ പൊലീസിന്റേതാണ് നടപടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പിൽ സിറാജിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.
പ്രതിയുടെ പേരിലുള്ള നാലര സെന്റ് വസ്തുവും ബൈക്കുമാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. പ്രതിയുടെ അക്കൗണ്ടിലെ 15,000 രൂപയും അമ്മയുടെ അക്കൗണ്ടിലെ 33, 935 രൂപയും ഉൾപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
ഫെബ്രുവരി 16-നാണ് 778 ഗ്രാം എംഡിഎംഎയുമായി സിറാജിനെ പൊലീസ് പിടികൂടിയത്. ടൗൺ പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഡ്രസ് മെറ്റീരിയുകൾ കൊണ്ടുവന്ന് വിവിധ കടകളിൽ വിൽക്കുന്നതിന്‍റെ മറവിലാണ് സിറാജ് എംഡിഎംഎ കേരളത്തിലേക്ക് കടത്തിയിരുന്നത്. മൊത്തമായും ചില്ലറയായും യുവാക്കൾക്ക് വിൽപ്പന നടത്തിയിരുന്നു. ഇതിനിടെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് കണ്ടെത്തി. 2020-ൽ ഹിമാചൽ പ്രദേശിലെ ബോന്തർ പൊലീസ് സ്റ്റേഷനിൽ ലഹരിക്കേസിൽ സിറാജിനെ അറസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു.















