നാഗ്പൂർ: നാഗ്പൂരിലെ ഡോ. ഹെഡ്ഗേവാർ സ്മൃതി മന്ദിർ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘ സ്ഥാപകൻ ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും ദ്വിതീയ സർ സംഘചാലക് മാധവ സദാശിവ ഗോൾവാൾക്കറുടേയും സ്മാരകങ്ങളിൽ അദ്ദേഹം പുഷ്‌പാർച്ചന നടത്തി. രേഷ്ബാഗിലെ സ്മൃതി മന്ദിറിൽ പ്രധാനമന്ത്രിക്കൊപ്പം ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതും അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരും സന്നിഹിതരായിരുന്നു.
ഹിന്ദു പുതുവത്സരത്തിന്റെ തുടക്കമായ ഗുഡി പദ്‌വയെ അടയാളപ്പെടുത്തുന്ന സംഘത്തിന്റെ പ്രതിപദ പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം. സ്മാരകത്തിൽ സ്ഥിതി ചെയ്യുന്ന സ്മൃതി ഭവനിൽ ആർഎസ്എസ് ഭാരവാഹികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. നേരത്തെ നാഗ്പുർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സ്‌മൃതി മന്ദിറിൽ പുഷ്പാർച്ചന നടത്തിയ മോദി, അംബേദ്‌കർ തന്റെ ആയിരക്കണക്കിന് അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ച സ്ഥലമായ ദീക്ഷഭൂമിയും സന്ദർശിക്കും. നിരവധി അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ ഉദ്ഘടനം ചെയ്യുന്ന പ്രധാനമന്ത്രി നാഗ്പൂർ സന്ദർശനത്തിനുശേഷം ഛത്തീസ്ഗഡിലെ ബിലാസ്പൂരിലേക്ക് പോകും.