പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തിൽ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ. യുവാവാനായി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സുകാന്ത് ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായി പേട്ട പൊലീസ് മലപ്പുറത്തെത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
അതേസമയം യുവാവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മേഘയുടെ പിതാവും സുഹൃത്തുക്കളും രംഗത്തെത്തി. സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നെന്നും ആഹാരം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലിരുന്നു മകളെന്നും പിതാവ് പറഞ്ഞു. കിട്ടുന്ന ശമ്പളം പൂർണമായും യുവാവിന്റെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്.
പിതാവ് പൊലീസിന് തെളിവുകൾ കൈമാറിയതോടെയാണ് സുകാന്ത് ഒളിവിൽ പോയത്. സുകാന്തിന് വേറെയും ബന്ധനങ്ങൾ ഉള്ളതായി സുഹൃത്തുക്കൾ ഐബിക്ക് മൊഴി നൽകിയിട്ടുണ്ട്. മേഘ മരിക്കുന്നതിന് മുൻപ് നിരവധി തവണ സുകാന്തിനെ വിളിച്ചിട്ടുണ്ട്. ഇയാളെ ജോലിയിൽ നിന്നും പുറത്താക്കണമെന്നും മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.