പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സിഐ സുനിൽ കൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ദർശനത്തിന് മാത്രമാണ് അനുവാദം നൽകിയതെന്നും എന്നാൽ സിഐ മോഹൻലാലിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തതാണെന്നും കണ്ടെത്തി.
വസ്തുത മറച്ചുവച്ച് ദർശനത്തിന് അനുമതി തേടിയതും താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തതും വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. മാർച്ച് 18-നാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. സുരക്ഷയ്‌ക്കായി സുനിൽ കൃഷ്ണനെ നിയോഗിച്ചിരുന്നില്ല. എന്നാൽ താരം എത്തിയതോടെ സുരക്ഷ സ്വയം ഏറ്റെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സുനിൽ കൃഷ്ണനെ സ്ഥലംമാറ്റിയിരുന്നു. 10 ദിവസം കഴിഞ്ഞതിന് ശേഷവും ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടില്ല. തുടർനടപടി എസ് പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.















