കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യക്ക് പിഴ.12 ലക്ഷം രൂപയാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാനാ മത്‌സരത്തിൽ മുംബൈക്കെതിരെ ഗുജറത്ത് 36 റൺസിന് വിജയിച്ചു. ടൂർണമെന്റിലെ മുബൈയുടെ രണ്ടാം തോൽവിയാണിത്.
“ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കുറഞ്ഞ ഓവർ റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഈ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ടീമിന്റെ ആദ്യ കുറ്റകൃത്യമാണിത്. അതിനാൽ പാണ്ഡ്യയ്‌ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി”, ഐപിഎൽ പ്രസ്താവനയിൽ പറയുന്നു.
ഇതാദ്യമായല്ല ഹാർദിക്ക് പാണ്ഡ്യക്ക് സ്ലോ ഓവർ റേറ്റ് പെനാൽറ്റികൾ ലഭിക്കുന്നത്. കഴിഞ്ഞ സീസണിലും ഈ കുറ്റം ആവർത്തിച്ച് സംഭവിച്ചതോടേ താരത്തിനെ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്നും വിലക്കിയിരുന്നു. ഇതിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ (സിഎസ്‌കെ) മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ഹാർദിക്ക് കളിച്ചിരുന്നില്ല. സൂര്യകുമാർ ആയിരുന്നു താൽക്കാലിക ക്യാപ്റ്റൻ.
എന്നാൽ ഐപിഎൽ 2025 സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, അവർ സ്ലോ ഓവർ റേറ്റുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഒരു ചെറിയ മാറ്റം ഉണ്ടായി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന ക്യാപ്റ്റൻമാരുടെ യോഗത്തിൽ, നിയമങ്ങൾ പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച്, ഓവർ റേറ്റ് കുറ്റകൃത്യങ്ങൾക്ക് ക്യാപ്റ്റന്മാർക്ക് മത്സര വിലക്ക് നൽകുന്നതിന് പകരം, ഇനി അവർക്ക് ഡീമെറിറ്റ് പോയിന്റുകളും പിഴയും ലഭിക്കും.















