മുംബൈ: മഹാരാഷ്‌ട്രയിൽ മസ്ജിദിനുള്ളിൽ സ്ഫോടനം. ബീഡ് ജില്ലയിലാണ് സംഭവം. മസ്ജിദിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ആളപായമില്ല.
ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ഗ്രാമത്തിൽ പുലർച്ചെ 2.30 ഓടെ നടന്ന പൊട്ടിത്തെറിയെ തുടർന്ന് മസ്ജിദിന്റെ വലിയൊരു ഭാഗം തകർന്നുവീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
മസ്ജിദിന്റെ പിൻഭാഗത്തുകൂടി ഒരാൾ അകത്തുകടക്കുകയും ജലാറ്റിൻ സ്റ്റിക്കുകൾ സൂക്ഷിച്ചുവെക്കുകയും ചെയ്തതാണ് സ്ഫോടനത്തിന് കാരണമായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പുലർച്ചെ 4 മണിയോടെ ഗ്രാമത്തലവനാണ് സ്ഫോടനവിവരം പൊലീസിനെ അറിയിച്ചത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമപ്രകാരം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.