സൽമാൻ ഖാന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് റിലീസിന് മുമ്പേ വെബ്സൈറ്റുകളിൽ ചോർന്നതായി പരാതി. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്നലെ രാത്രി മുതൽ ചില വെബ്സൈറ്റുകളിൽ പ്രചരിച്ചിരുന്നു. തമിഴ്‌റോക്കേഴ്‌സ്, മൂവിറൂൾസ്, ഫിലിംസില, വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് ലിങ്ക് ചോർന്നത്.
ബിഗ് ബജറ്റിൽ ഒരുക്കിയ സൽമാൻ ഖാന്റെ ചിത്രത്തിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. എന്നാൽ വ്യാജ പതിപ്പ് എങ്ങനെ പുറത്തെത്തി എന്നതിനെ കുറിച്ച് കണ്ടെത്തിയിട്ടില്ല. നിർമാതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈദ് റിലീസായാണ് സിക്കന്ദർ റിലീസിനെത്തിയത്.
എ ആർ മുരുകദോസാണ് സിക്കന്ദർ സംവിധാനം ചെയ്തത്. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിന്റെ എച്ച് ഡി പ്രിന്റാണ് ചോർന്നത്. ഇതിനെതിരെ ട്രേഡ് അനലിസ്റ്റ് കോമൾ നഹ്ത രംഗത്തെത്തിയിരുന്നു. ഏതൊരു നിർമാതാവിന്റെയും പേടിസ്വപ്നമാണിത്. ഇന്നലെ വൈകുന്നേരമാണ് സിക്കന്ദറിന്റെ വ്യാജപതിപ്പ് ചോർന്നത്. ഉടൻ തന്നെ പൊലീസിന സമീപിച്ച് കേസ് കൊടുത്തിട്ടുണ്ടെന്നും അപലപനീയമാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
വ്യാജ പതിപ്പ് ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വിവരം. അതേസമയം, സിക്കന്ദർ ഇന്ന് തിയേറ്ററിൽ എത്തിയിരുന്നു. സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കാജൽ അഗർവാൾ, സത്യരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.