ന്യൂഡൽഹി: യുവതികൾക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിക്കുന്ന ദമ്പതികൾ അറസ്റ്റിൽ. നോയിഡയിലാണ് സംഭവം. ഉജ്ജ്വൽ കിഷോർ, നീലു ശ്രീവാസ്തവ എന്നീ ദമ്പതികളെയാണ് ഇഡി പിടികൂടിയത്.
ഇവരുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. ഈ വീട്ടിൽ വച്ചാണ് അശ്ലീല വീഡിയോകൾ ചിത്രീകരിച്ചിരുന്നത്. അന്താരാഷ്‌ട്ര അശ്ലീല സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്നതിന് പേരുകേട്ട ഒരു കമ്പനിക്ക് വേണ്ടിയാണ് ഇവർ പോൺ വീഡിയോകൾ നിർമിച്ചിരുന്നത്. ടെക്നിയസ് ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടിയാണെന്നാണ് ആരോപണം. രാജ്യാന്തര പോൺ റാക്കറ്റുമായി ദമ്പതികൾക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്.
ദമ്പതികളുടെ ഉടമസ്ഥതയിലുള്ള സബ്ഡിഗി വെൻച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് നിയമം (ഫെമ) ലംഘിച്ചെന്ന വിവരത്തെ തുടർന്നാണ് ദമ്പതികളുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. 15.55 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അശ്ലീല വെബ്സൈറ്റുകൾക്ക് വേണ്ടി വീഡിയോകൾ തയ്യാറാക്കി ദമ്പതികൾ വൻ തോതിൽ പണം സമ്പാദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ പെൺകുട്ടികളെ തേടിയിരുന്നത് സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചായിരുന്നു. തുടർന്ന് നിരവധി പെൺകുട്ടികൾ ഇവരുടെ കെണിയിൽ പെട്ടു. ഉയർന്ന തുക വാഗ്ദാനം ചെയ്തായിരുന്നു യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്. എന്നാൽ ലഭിക്കുന്ന പണത്തിന്റെ 75 ശതമാനവും കൈക്കലാക്കിയിരുന്നത് ദമ്പതികളായിരുന്നു. വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച് അന്താരാഷ്‌ട്ര ഡെബിറ്റ് കാർഡുകൾ മുഖേന ഇവിടെ നിന്നും പണം പിൻവലിക്കുകയാണ് ദമ്പതികൾ ചെയ്തിരുന്നത്.