തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇന്നും നാളെയും താപനില ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ താപനില ഉയരുന്നത്. 39 ഡിഗ്രി വരെ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. തൃശൂരിൽ 38 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 46 ഡിഗ്രി വരെയാണ് താപനില ഉയരുക. ഇത് സാധാരണ താപനിലയേക്കാൾ 2, 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
എന്നാൽ മലയോര പ്രദേശങ്ങളിൽ ചൂട് വർദ്ധിക്കാനുള്ള സാധ്യത കുറവാണ്. മലയോര മേഖലകളിലൊഴികെ ഉയർന്ന ചൂട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയി.
ചൂട് കൂടുന്നതിനാൽ സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ നിരവധി പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിക്കുക, നിർജലീകരണം ഉണ്ടാക്കുന്ന കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കണമെന്നും നിർദേശിച്ചു.