റായ്പൂർ: ഛത്തീസ്ഗഢിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂർ ജില്ലയിലാണ് സുരക്ഷ സേനയ്‌ക്ക് മുന്നിൽ ആയുധങ്ങൾ വച്ച് മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. സംസ്ഥാന പൊലീസിലെയും കേന്ദ്ര റിസർവ് പൊലീസ് സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ മുന്നിലാണ് മാവോസിറ്റുകൾ എത്തിയത്.
വനവാസി സമൂഹത്തെ ചൂഷണം ചെയ്യുന്നു, സംഘത്തിനുള്ളിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്നിവ ചൂണ്ടുക്കാട്ടിയാണ് മാവോസ്റ്റ് സംഘം കീഴടങ്ങിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഛത്തീസ്ഗഢ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കീഴടങ്ങൽ.
നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. 33,700 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും.
കഴിഞ്ഞ ദിവസം സുക്മ, ബസ്തർ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിൽ 11 സ്ത്രീകൾ ഉൾപ്പെടെ 18 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. അതിർത്തി സുരക്ഷാസേനയും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ.