ന്യൂഡൽഹി: മോദി സർക്കാരിന്റെ വാക്സിൻ മൈത്രി നയത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് മഹാമാരി സമയത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വാക്സിൻ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയർത്തി. നിർണായക സമയത്ത് സഹായ ഹസ്തം നീട്ടിയതിലൂടെ ഇന്ത്യക്ക് ലോക രാജ്യങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളിയായി മാറിയെന്നും തരൂർ ‘ദി വീക്കിലെ’ ഒരു ലേഖനത്തിൽ പറഞ്ഞു. ‘Covid’s silver lining for India’ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലായിരുന്നു പരാമർശം.
ആഗോള പ്രതിസന്ധിയുടെ സമയത്ത് 100-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് -19 വാക്സിനുകൾ (കോവിഷീൽഡ്, കോവാക്സിൻ) അയച്ചുകൊണ്ട് ആഗോള ആരോഗ്യ നയതന്ത്രത്തിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി ഉയർന്നുവന്നുവെന്ന് അദ്ദേഹം എഴുതി.”സമ്പന്ന രാജ്യങ്ങൾ ചെയ്യാത്തത് ഇന്ത്യ ചെയ്തു. വാക്സിൻ കയറ്റുമതി നമ്മുടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിച്ചു; ഇന്ത്യയുടെ ശ്രമങ്ങൾ വ്യാപകമായി വിലമതിക്കപ്പെട്ടു, ഉത്തരവാദിത്തമുള്ള ഒരു ആഗോള നേതാവെന്ന നിലയിൽ രാജ്യം ഉയർന്നുവന്നു,” തരൂർ കൂട്ടിച്ചേർത്തു.
കോവിഡ്-19 ന്റെ രണ്ടാം തരംഗം വാക്സിൻ കയറ്റുമതിയെ താൽക്കാലികമായി തടസപ്പെടുത്തിയിട്ടും ഇന്ത്യയുടെ വാക്സിൻ നയതന്ത്രം രാജ്യത്തിന്റെ സോഫ്റ്റ് പവർ പ്രതിച്ഛായ വർദ്ധിപ്പിച്ചുവെന്ന് കോൺഗ്രസ് എംപി എടുത്തുപറഞ്ഞു. വാക്സിൻ വിതരണത്തിനപ്പുറം, മാലദ്വീപ്, നേപ്പാൾ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് സൈനിക ഡോക്ടർമാരെ വിന്യസിക്കുന്നതും ദക്ഷിണേഷ്യയിലുടനീളമുള്ള ആരോഗ്യ പ്രവർത്തകർക്കായി വെർച്വൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ വിശാലമായ ആരോഗ്യ നയതന്ത്ര ശ്രമങ്ങളെ തരൂർ പ്രശംസിച്ചു.
മുൻപ് യുക്രെയ്ൻ യുദ്ധത്തിൽ സ്വീകരിച്ച നിലപാടുകൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ശശി തരൂർ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പരാമർശം.















