എറണാകുളം: ആശവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ. മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമരപ്പന്തൽ സന്ദർശിച്ചു. സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് തലമുണ്ഡനം ചെയ്താണ് ആശമാർ പ്രതിഷേധിച്ചത്. കൊച്ചിയിൽ ആശമാരെ പിന്തുണച്ച് ബിജെപി പ്രവർത്തകർ തലമുണ്ഡനം ചെയ്തു.
അമ്പത് ദിവസം സമരം നടത്തിയിട്ടും മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കിയാൽ ഓണറേറിയാം നൽകാനാകും. ആരോഗ്യമന്ത്രിയും ഒരു സ്ത്രീയാണ്. അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ല. ഇതിന് കേരളത്തിലെ സ്ത്രീകൾ മറുപടി പറയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ അമ്പത് ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശമാരുടെ മുന്നിൽ മുഖംതിരിക്കുകയാണ് സംസ്ഥാന സർക്കാർ. മഴയും പൊരിഞ്ഞ വെയിലും കൊണ്ട് സമരം തുടരുമ്പോൾ യാതൊരു നടപടിയും കൈക്കോള്ളാതെ സർക്കാർ മൗനം തുടരുകയാണ്. ന്യായമായ ആവശ്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ആശമാരോട് കൊടുംക്രൂരതയാണ് സർക്കാർ കാണിക്കുന്നത്.
അമ്പത് ദിവസങ്ങളിൽ രണ്ട് ദിവസം മാത്രമാണ് ചർച്ച നടന്നത്. നിരവധി പ്രമുഖ ബിജെപി പ്രവർത്തകർ ആശമാർക്ക് പിന്തുണയുമായി എത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നേരിട്ടെത്തി അവരുടെ ആവശ്യങ്ങൾ കേട്ടിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കണം, ദിവസവേദനം 700 രൂപയായി ഉയർത്തണം, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷമാക്കണം, പെൻഷൻ ഏർപ്പെടുത്തണം തുടങ്ങിയവയാണ് ആശമാരുടെ പ്രധാന ആവശ്യങ്ങൾ.















