കറാച്ചി: ഈദ് ദിനത്തിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. കറാച്ചിയിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടനയുടെ തലവനായിരുന്ന ഖാരി അബ്ദുൾ റഹ്മാനാണ് കൊല്ലപ്പെട്ടത്. ഈ സംഘടനയ്‌ക്ക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദുമായും തെഹ്രീക്-ഇ-താലിബാൻ-പാകിസ്താനുമായും (ടിടിപി) അടുത്ത ബന്ധമുണ്ട്.
കറാച്ചിയിലെ ഷെർപോ കോളനിയിലാണ് വെടിവയ്പ്പ് നടന്നത്. കടയിൽ നിൽക്കമ്പോൾ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ഭീകരന് നേരെ വെടിയുതിർക്കുകയായിരുന്നു. റഹ്മാന്റെ കൂട്ടാളിക്കും പിതാവിനും ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. റഹ്മാന്റെ കൊലപാതകത്തിന് പിന്നാലെ കറാച്ചിയിലെ ജിന്ന ആശുപത്രിക്ക് പുറത്ത് സംഘർഷമുണ്ടായി.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയിദിന്റെ അഞ്ചോളം കുട്ടാളികളെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. പത്ത് ദിവസം മുമ്പാണ് ലഷ്‌കറിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരനും ഹാഫീസ് സയിദിന്റെ അനന്തരവനുമായ അബു ഖത്താനെ അജ്ഞാതൻ വെടിവെച്ച് കൊന്നത്. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇയാളുടെ പേരുണ്ടായിരുന്നു. ബന്ധുക്കളും കൂട്ടാളികളും അജ്ഞാതരാൽ കൊല്ലപ്പെടുന്നത് പതിവായതോടെ സയീദ് പരിഭ്രാന്തിയിലാണെന്നും സുരക്ഷ വർദ്ധിപ്പിക്കാൻ പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായുമാണ് വിവരം.















