തിരുവനന്തപുരം: വർക്കലയിൽ ആൾക്കുട്ടത്തിനിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി രണ്ട് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു. ഭാര്യ വഴക്കിട്ട് വാഹനത്തിൽ നിന്ന് ഇറങ്ങിപോയതിന്റെ ദേഷ്യത്തിലാണ് ഇയാൾ വാഹനം ഒടിച്ചിരുന്നതെന്നും മദ്യലഹരിയിൽ ആയിരുന്നെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിക്കാണ് ഉത്സവം കണ്ട് മടങ്ങിയ ആളുകൾക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറിയത്. പേരേറ്റ് സ്വദേശികളായ അമ്മയും മകളുമാണ് അപകടത്തിൽ മരിച്ചത്.
കല്ലമ്പലം കുട്ടിക്കട റോഡിൽ വച്ചായിരുന്നു അപകടം. അപകടത്തിന് പിന്നാലെ വാഹനത്തിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്. വാഹനത്തിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തിരുന്നു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് സ്കൂട്ടറിൽ വന്ന യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റൊരു സ്ഥലത്ത് വച്ച് ഒരാളുമായി ഇയാൾ വഴക്കിട്ടിരുന്നു. ഇതിന് ശേഷം ഇയാളുടെ ഭാര്യ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന്റെ ദേഷ്യത്തിൽ അമിത വേഗതയിലാണ് ഇയാൾ വാഹനം ഓടിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.















