തന്റെ ‘പ്രിയതമൻ’ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നയാളാണെന്ന് മനസിലാക്കിയ ഭാര്യ വിവരം പൊലീസിനെ അറിയിച്ചു. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്നയാളാണ് തന്റെ ഭർത്താവെന്ന് മനസിലാക്കിയതോടെയാണ് ഭാര്യ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. നാഗ്പൂരിലാണ് സംഭവം. 24 വയസുള്ള യുവതിയാണ് 32-കാരനായ ഭർത്താവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചത്.
ലൈംഗികവൈകൃതത്തിന് അടിമയായ ഭർത്താവിന്റെ പല ചെയ്തികളും ഭാര്യയെ പ്രയാസത്തിലാക്കിയിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിധേയമാക്കുകയും അശ്ലീല ചിത്രങ്ങളിൽ കാണുന്ന പ്രവൃത്തികൾ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ചതും യുവതിക്ക് പ്രയാസമുണ്ടാക്കി. ഇതോടെയാണ് ഭർത്താവിനെക്കുറിച്ചുള്ള സംശയം ഭാര്യക്ക് ബലപ്പെട്ടത്. യുവാവിന്റെ ഫോൺ ഹാക്ക് ചെയ്ത് വാട്സ്ആപ്പ് പരിശോധിച്ച ഭാര്യ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തുകയായിരുന്നു.
നിരവധി സ്ത്രീകളെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരെ ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് ഭാര്യ മനസിലാക്കി. ഇരകളിൽ ഒരാളായ കൗമാരക്കാരിയുമായി സംസാരിച്ച് പൊലീസിൽ പരാതി നൽകാൻ 19-കാരിയെ ഭാര്യ സഹായിക്കുകയും ചെയ്തു.
വ്യാജപേരിലാണ് യുവാവ് സ്ത്രീകളെ സമീപിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. നാഗ്പൂരിൽ പാൻ കട നടത്തുന്നയാളാണ് പ്രതി. സമീപത്തെ ഹോട്ടലുകളിൽ എത്തിച്ചാണ് സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്തിരുന്നത്.
വിവാഹവാഗ്ദാനം നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവാവിനെതിരെ പരാതി നൽകിയ 19-കാരി പറയുന്നു. പ്രതി തന്റെ യഥാർത്ഥ മതം മറച്ചുവച്ചു. സാഹിൽ ശർമ എന്ന വ്യാജപേരിലാണ് പരിചയപ്പെട്ടത്. വിവാഹം കഴിഞ്ഞതാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ച് തന്നോട് പ്രണയം നടിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. നാഗ്പൂരിൽ പഠിക്കാനെത്തിയ കാലത്താണ് യുവാവിനെ പരിചയപ്പെട്ടതെന്നും കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത് ഏറെ നാളുകൾക്ക് ശേഷമാണെന്നും 19-കാരി പറഞ്ഞു. പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെന്നും 19-കാരി വെളിപ്പെടുത്തി.
ഒരേസമയം അഞ്ച് സ്ത്രീകളെയാണ് ഭർത്താവ് ചതിച്ചതെന്ന് വാട്സ്ആപ്പ് ചാറ്റുകൾ നിരത്തിയ ഭാര്യ പൊലീസിന് മൊഴി നൽകി. നിലവിൽ അറസ്റ്റിലായ യുവാവ് റിമാൻഡിലായ ശേഷം പൊലീസ് കസ്റ്റഡിയിലാണ്.















